മലപോലെ വന്ന് എലിപോലെ പോയി. ആ പരുവത്തിലാണ് ബറാക് ഒബാമയുടെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍പ്രസിഡന്റിന്റെ യാത്രക്ക് ഇക്കാലത്തുള്ള ദിവസപ്പടി 20 കോടി ഡോളറാണെന്നാണ്(900 കോടി രൂപ )രഹസ്യക്കണക്ക്. അക്കണക്കിന് 60 കോടി ഡോളര്‍ ചെലവാക്കിച്ചിട്ട് ഒബാമ മടങ്ങിപ്പോകും.
മുംബൈയിലിറങ്ങി താജ് ഹോട്ടലില്‍നിന്ന് ഭീകരതക്കെതിരെ രണ്ടു ഡയലോഗ് വിടുമെന്നത് ഏതു പൊലീസുകാരനുമറിയാവുന്ന തിരക്കഥ. ഭീകരതക്ക് അനുയോജ്യമായ വല്ല പുതിയ നിര്‍വചനമോ പ്രഖ്യാപനമോ ഒരമേരിക്കന്‍ പ്രസിഡന്റ് നടത്തിക്കളയില്ലെന്നറിയാന്‍ എഫ്.ബി.ഐ പൊലീസുകാരനൊന്നുമാകണ്ട. എന്നിട്ടും, ഇന്ത്യന്‍ പൊലീസുകാര്‍ (ഭരണകൂടവും ദേശീയ മാധ്യമങ്ങളും) ഇവിടേതാണ്ട് മല മറിച്ചുകളയുമെന്ന മട്ടില്‍ പരവതാനി വിരിച്ചു, പമ്പ മേളം നടത്തി. കാരണം, ഇന്ത്യ പ്രതീക്ഷിച്ചത് 'സൂപ്പര്‍പവറി'ന്റെ കെയറോഫില്‍ ലോക ശക്തിപീഠത്തില്‍ കയറിപ്പറ്റാമെന്നാണ്. ഒപ്പം, സ്വന്തം ചുറ്റുവട്ടത്തെ (പാകിസ്താന്‍, ചൈന) ശാക്തിക രാഷ്ട്രീയത്തില്‍ മേല്‍ക്കൈയുണ്ടാക്കാമെന്നും.സോവിയെറ്റ്ഉനിയെന്‍ തകര്‍ച്ചക്ക് ശേഷം അമേരിക്ക ഒരു സുപ്പര്‍ പവര്‍ ആവാന്‍ ശ്രമിക്കുകയാണ് .
സൂപ്പര്‍ പവറിനെ വെല്ലുന്ന വിധം സൈനികമായും സാമ്പത്തികമായും ഉയരുന്ന ചൈന. ശക്തി വീണ്ടെടുക്കുന്ന റഷ്യ. കോര്‍പറേറ്റ് ശക്തിയായി പന്തലിക്കുന്ന യൂറോപ്യന്‍യൂനിയന്‍. പിന്നെ, ഇന്ത്യയും ബ്രസീലും പോലുള്ള ഉരുത്തിരിയുന്ന വന്‍ ശക്തികളെല്ലാം അമേരിക്കക്ക് വെല്ലു വിളി ഉയര്‍ത്തുന്നു .
നയതന്ത്രം തൊട്ട് നാണയപ്രശ്‌നം വരെ ഗംഭീരപയറ്റിലാണ് ചൈനയുമായി. ആഭ്യന്തര സുരക്ഷതൊട്ട് വിദേശനയം വരെ വെല്ലുവിളിക്കപ്പെടുന്നു, പാകിസ്താന്റെ കാര്യത്തില്‍. വന്‍ശക്തിയാവുന്ന ചൈനയോടു മാത്രമല്ല, അത്ര വന്‍ ശക്തിയൊന്നുമല്ലാത്ത പാകിസ്താനോടും സംഘര്‍ത്തിലാണെന്നു സാരം. ഫലത്തില്‍, സൂപ്പര്‍ പവറിന്റെ കീഴില്‍ 'തുല്യത'യുമില്ല, സമാധാനവുമില്ല.
അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനല്ല ഒബാമ വന്നത്. ചൈനക്കു നേരെ കമാന്ന് മിണ്ടാന്‍ അമേരിക്കന്‍പ്രസിഡന്റുമാര്‍ക്ക് (ഡെമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും) നിവൃത്തിയില്ല. മുഖ്യ കാരണം, ഏറ്റവുമധികം ഡോളര്‍ സ്വത്തു വാങ്ങിയിരുന്ന രാജ്യം ചൈനയാണ്. അവര്‍ വിചാരിച്ചാല്‍ അമേരിക്കന്‍ കറന്‍സി വെള്ളത്തിലാവും (സംഗതി ഒരു ഇരുതല വാളാണെന്ന സത്യം വേറെ- ഡോളര്‍ പൊളിച്ചാല്‍ ചൈനയുടെ സ്വത്തുമൂല്യവും പൊളിയും) ഇനി പാകിസ്താന്റെ കഥ. അടുത്ത കൊല്ലം ജൂലൈ തൊട്ട് അഫ്ഗാനിസ്താനില്‍നിന്ന് സൈനിക പിന്‍മാറ്റം നടത്താനിരിക്കുകയാണ് അമേരിക്ക. ഒരുതരം ഇറാഖ്‌ലൈനാണ് ഉദ്ദേശിക്കുന്നത്. ആയതിലേക്ക് താലിബാനുമായി ധാരണയുണ്ടാക്കി, യുദ്ധവിജയം ഭാവിച്ച് തലയൂരുകയാണ് പരിപാടി. അതിന് പാകിസ്താന്റെ മുന്‍നിരസഹായം അത്യാവശ്യം. ഇവിടെതന്നെയാണ് ഇന്ത്യക്കുള്ള ആപ്പും. അമേരിക്കയെ സംബന്ധിച്ച് ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനാണ് പങ്കാളി. ഇന്ത്യയാകട്ടെ, നേരിട്ടു പങ്കെടുക്കാന്‍ തയാറല്ല. പകരം, 1.3 ബില്യണ്‍ ഡോളര്‍ ചെലവിട്ട് അഫ്ഗാന്‍ സുരക്ഷാസേനയെ പരിശീലിപ്പിക്കുക. അമേരിക്കന്‍പട പിന്‍വാങ്ങുകയും നാറ്റോയുടെ ശിഷ്ടസംഘം അവിടെ നിരീക്ഷണസേനയായി തുടരുകയും ചെയ്യുന്ന കാലത്ത് അക്കൂട്ടത്തില്‍ ചേര്‍ന്നു നില്‍ക്കുകയാണ് ഈ വിപുലനിക്ഷേപം കൊണ്ട് ഇന്ത്യ ഉന്നമിടുന്നത്. ബറാക് ഒബാമ ഇങ്ങനെയൊരു നീക്കത്തോട് തരിമ്പും അനുഭാവം കാട്ടിയില്ലെന്നു മാത്രമല്ല, ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനുമുമ്പ് രണ്ട് ബില്യണ്‍ ഡോളര്‍ പാകിസ്താന് സൈനികസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ 1.3 ബില്യണ്‍ ബദല്‍ പാകിസ്താന് രണ്ട് ബില്യണ്‍. എന്നു വെച്ചാല്‍ അഫ്ഗാന്‍- പാക് കേസുകെട്ടില്‍ ഇന്ത്യക്ക് ഒബാമയുടെ വക്കാലത്ത് കിട്ടില്ലെന്നു സാരം.
അങ്ങനെ ഇന്ത്യയുടെ പ്രാദേശിക സംഘര്‍ഷങ്ങളില്‍ കാര്യമായ ഒരു ഗുണവും സൂപ്പര്‍ പവറമ്മാവന്‍ ചെയ്യില്ല. പിന്നെന്തിനായിരുന്നു ടിയാന്റെ വരവ്?
സാമ്പത്തികത്തകര്‍ച്ചയുടെയും തല്‍ഫലമായുണ്ടായ തൊഴിലില്ലായ്മയുടെയും ഫലമായി അമേരിക്ക പുതിയൊരു സാമ്പത്തികനയ പാതയിലാണിപ്പോള്‍. ഫിസ്‌കല്‍ സ്റ്റിമുലസുണ്ടാക്കി കച്ചവടം വിപുലമാക്കുക. അഥവാ ആഭ്യന്തരമായി തൊഴിലവസരം കൂട്ടുന്ന തരം ഉല്‍പന്നങ്ങളുണ്ടാക്കുക, അവക്ക് പര്യാപ്തമായ വിപണികള്‍ തുറന്നെടുക്കുക, ഇതിന് പറ്റിയ രാജ്യമാണ് ഇന്ത്യ. ചൈന കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഈ സുവര്‍ണാവസരം മുതലാക്കുന്നതില്‍ അമേരിക്കക്കുള്ള ഏക തടസ്സം ഇന്ത്യന്‍ ഐ.ടി വ്യവസായവും അതിന് അമേരിക്കയിലുള്ള വമ്പിച്ച ആദായപ്രശ്‌നവുമാണ്. സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ അമേരിക്ക വിസാനിയമങ്ങള്‍ കര്‍ക്കശമാക്കിയതും വിസാനിരക്കുകള്‍ കുത്തനെ കൂട്ടിയതും ഇന്ത്യന്‍ ഐ.ടി മേഖലയെ വെട്ടിലാക്കിയിരുന്നു. ഒബാമയുടെ സന്ദര്‍ശനത്തോടെ ആ പ്രശ്‌നത്തിന് ഇളവുണ്ടാകുമെന്ന് കരുതിയവര്‍ ഇളിഭ്യരായി. മാത്രമല്ല, അമേരിക്ക പുതിയൊരു നികുതികോഡ് കൂടി കൊണ്ടുവരുകയാണ്. വിദേശത്ത് തൊഴിലും ലാഭവുമുണ്ടാക്കുന്ന യു.എസ് കമ്പനികള്‍ക്കുള്ള നികുതിയൊഴിവുകള്‍ റദ്ദാക്കുന്ന പുതിയ വകുപ്പ്. ഒബാമയെ സംബന്ധിച്ച് ഇന്ത്യയോ അതിന്റെ വമ്പന്‍ ഐ.ടി വ്യവസായമോ ഒരാകര്‍ഷണമല്ലെന്ന് തന്നെയല്ല, ഉടനടി ഒഴിവാക്കപ്പെടേണ്ട 'ദുര്‍മുഖം' കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഐ.ടി താവളങ്ങളായ ബാംഗ്ലൂരും ഹൈദരാബാദും വിഗണിച്ച് ടിയാന്‍ ധനകാര്യ തലസ്ഥാനമായ മുംബൈയില്‍ വണ്ടിയിറങ്ങിയത്.
ജോര്‍ജ്ബുഷുണ്ടാക്കിയ ആണവകരാറിന്മേല്‍ അമേരിക്കന്‍കമ്പനികള്‍ക്ക് പ്രായോഗികാര്‍ഥത്തില്‍ ഇപ്പോഴും ഇന്ത്യയില്‍ കച്ചവടം സാധ്യമായിട്ടില്ല. പോരാത്തതിന് ഇന്ത്യയുണ്ടാക്കിയിരിക്കുന്ന ആണവ ബാധ്യതനിയമം അവര്‍ക്ക് പ്രതികൂലമാണ്. ആവക ശല്യങ്ങള്‍ തീര്‍ത്ത് ഇന്ത്യന്‍ ആണവവിപണിയില്‍ മേല്‍ക്കൈ ഉണ്ടാക്കുകയായിരുന്നു ഒബാമയെ മുന്‍നിര്‍ത്തിയുള്ള യു.എസ് ആയുധ വ്യവസായലോബിയുടെ യഥാര്‍ഥ ഉദ്ദേശ്യം. അതവര്‍ ഭംഗ്യന്തരേണ സാധിച്ചതിന്റെ തെളിവാണ് ഈ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് (ഒക്‌ടോബര്‍ 27) ഇരുരാഷ്ട്രങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച കണ്‍വെന്‍ഷന്‍ ഓണ്‍ സപ്ലിമെന്ററി കോംപന്‍സേഷന്‍. ആണവ ഇന്ധനവും സാങ്കേതികത്വവും സപ്ലൈ ചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കരാര്‍. 1200 കോടി ഡോളര്‍ കച്ചോടം (ഒന്നാം റൗണ്ട്) ഉറപ്പാക്കിയിട്ടേ അമേരിക്കന്‍പ്രസിഡന്റ് ഇന്ത്യയില്‍ കാലുകുത്തിയുള്ളൂ എന്നര്‍ഥം.
ഇനി, ഈ ഒത്താശക്കും വിധേയത്വപൂര്‍ണമായ ആതിഥേയത്വത്തിനുമുള്ള പ്രതിഫലമെന്താണ്? കുറഞ്ഞപക്ഷം ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്താങ്ങുമെന്ന് കരുതി. വണ്ടികയറുംമുമ്പേ ഒബാമ പറഞ്ഞു, അതൊക്കെ വല്യവല്യ കാര്യങ്ങളാണെന്ന്. 1998 മുതല്‍ നിരോധിച്ചുവെച്ചിരുന്ന ഡ്യൂവന്‍ ടെക്‌നോളജി (ആണവ ഉപയോഗത്തിലെ) കൈമാറ്റ കാര്യമെങ്കിലും പുനഃപരിശോധിക്കുമെന്ന് കരുതി. അപ്പോഴും ഒബാമ പറഞ്ഞു, 'അത് സങ്കീര്‍ണമായ വിഷയമാണ്.'
ചുരുക്കിപ്പറഞ്ഞാല്‍, സായ്പുവന്ന് സ്വന്തം കച്ചോടക്കാര്‍ക്കുള്ള വിപണി തുറന്നുകൊടുത്തു. സര്‍ദാര്‍ജിക്കും കൂട്ടര്‍ക്കുമൊപ്പമിരുന്ന് വെടിപറഞ്ഞു, പടം പിടിച്ചു, ലോകാ സമസ്താ ഡയലോഗ് വിട്ടു. ഗാന്ധിക്കൊരു റീത്തും വെച്ച് സ്ഥലംവിട്ടു. പരവതാനിയും പമ്പമേളവും കമ്പക്കെട്ടുമായി ഗോപി വരച്ചുനില്‍ക്കുന്ന ഇന്ത്യക്കാര്‍ വിഷമിക്കേണ്ടതില്ല. അതിഥി ദേവോ ഭവഃ എന്നല്ലേ നമ്മുടെ പരമ്പരാഗത മുദ്രാവാക്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ