അവരുടെ കണ്ണുകളിലെ രഹസ്യം:
മറവി ഒരനുഗ്രഹമാണ്. എന്നാല്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതായുമുണ്ട്. അതു നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ചിലര്‍ക്ക് ജീവിതം തന്നെയായി മാറും. ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലാണ്. ' അവരുടെ കണ്ണുകളിലെ രഹസ്യം (ദി സീക്രറ്റ് ഇന്‍ ദെയര്‍ ഐസ്) എന്ന സ്പാനിഷ് ഭാഷാ (രാജ്യം അര്‍ജന്റീന) ചിത്രം പറഞ്ഞുവെക്കുന്നത്. യുവാന്‍ ജോസ് കാംപനല്ലയുടെ ഇന ചിത്രം നിഗൂഢവും നാടകീയവുമായ അനേകം മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ്.
25 വര്‍ഷം നടന്ന ഒരു കുറ്റകൃത്യത്തെ ആധാരമാക്കി അതന്വേഷിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട ഓഫീസറായ ബെന്‍ജമിന്‍ എസ്‌പോസിറ്റോയുടെ നോവലെഴുത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. 1974 ജൂണില്‍ ലിലിയാന കോളോട്ടോ എന്ന യുവതി ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അന്വേഷണത്തിന്റെ ചുമതല എസ്‌പോസിറ്റോയ്ക്കാണ്. ലിലിയാനയുടെ ഭര്‍ത്താവില്‍ നല്‍കിയ ഫോട്ടോ ആല്‍ബത്തില്‍ നിന്നും കൊലയാളിയെപ്പറ്റിയുള്ള ചില സൂചനകള്‍ ലഭിക്കുന്നു. എന്നാല്‍ കൊലയാളിയെപ്പറ്റിയുള്ള അന്വേഷണം എസ്‌പോസിറ്റോയേയും തന്റെ സുഹൃത്തും കീഴുദ്യോഗസ്ഥനുമായ സാന്‍ഡോവാലിനെയും പ്രശ്‌നങ്ങളില്‍ കൊണ്ടേത്തിക്കുകയാണ്. മുതിര്‍ന്ന ഓഫീസറായ ഐറിനീന്റെ സഹായത്താല്‍ അവര്‍ തത്ക്കാലം പ്രശ്‌നങ്ങളില്‍ നിന്നും തടിയൂരുന്നു. ഐറീനെ എസ്‌പോസിറ്റോ പ്രണയിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും തന്റെ പ്രണയം വെളിപ്പെടുത്തിയിട്ടില്ല. ഐറീനാണെങ്കില്‍ മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
ഒരു വര്‍ഷത്തിനുശേഷം എസ്‌പോസിറ്റോ കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് മൊറാലസിനെ ഒരു റയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടുന്നു. അയാള്‍ പറയുന്നു. ഞാന്‍ കൊലയാളിയെ കാത്തിരിക്കുകയാണ്. മറ്റു ദിവസങ്ങളില്‍ വേറെ സ്റ്റേഷനുകളില്‍ അയാളെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ. ഈ സംഭവം കഥയുടെ വഴിത്തിരിവാകുന്നു. എസ്‌പോസിറ്റോ പറയുന്നുണ്ട്. അയാളുകെ കണ്ണുകളില്‍ ഞാന്‍ കണ്ടത് പരിശുദ്ധമായ പ്രണയം മാത്രമാണ്.
ഒരാള്‍ക്ക് ജീവിതത്തില്‍ പലതും മാറ്റുവാന്‍ സാധിക്കും. അയാളുടെ കുടുംബം തൊഴില്‍ അങ്ങനെ പലതും എന്നാല്‍ മാറ്റാന്‍ കഴിയാത്ത ഒന്നുണ്ട്. അത് അയാളുടെ അടങ്ങാനാവാത്ത അഭിനിവേഷമാണ്. കൊലയാളിയുടെ ഈ അഭിനിവേശത്തെ ചില സൂചനകളില്‍ നിന്നും പിന്തുടര്‍ന്ന് നാടകീയമായ ചില നിമിഷങ്ങള്‍ക്കൊടുവില്‍ എസ്‌പോസിറ്റോയും സാന്റോവാലും അയാളെ പിടികൂടുന്നു. എന്നാല്‍ എസ്‌പോസിറ്റോറിന്റെ ശത്രുവും മറ്റൊരു ഓഫീസറുമായ റൊമാനോയുടെയും മുതിര്‍ന്ന മറ്റു ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കൊലയാളി ഗോമസ് രക്ഷപ്പെടുന്നു. മാത്രമല്ല, ഗോമസിന്റെ സംഘം സാന്റോവാലിനെ എസ്‌പോസിറ്റോയുടെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു. തന്റെ ജീവിതം അപകടത്തിലാണെന്ന് മനസ്സിലാക്കിയ എസ്‌പോസിറ്റോ സ്വയം നാടുകടത്തലിനു വിധേയമാവുന്നു. ഐറീന്‍ എസ്‌പോ സിറ്റോയെ തടയാന്‍ ശ്രമിക്കുന്നു. ഹൃദയം തുറക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അയാള്‍ തന്റെ ഒറ്റപ്പെടാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയുന്നില്ല.
25 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്‌പോസിറ്റോ ഐറിനെ വീണ്ടും കണ്ടുമുട്ടുന്നു. ഇന്ന് ഐറിന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. എസ്‌പോസിറ്റോ തന്റെ ചെറിയ കാലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വിഭാര്യനുമാണ്. നോവലിന്റെ ആശയം എസ്‌പോസിറ്റോ ഐറിനുമായി പങ്കുവെക്കുന്നു. എന്നാല്‍ അവസാന ഭാഗം എങ്ങിനെയാകുന്നു എന്നതിനെക്കുറിച്ച് മാത്രം ഒരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല. അതിനിടയില്‍ അയാള്‍ മൊനാലസിനെ (കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ്) കാണാന്‍ തീരുമാനിക്കുന്നു. ഏതോ കുഗ്രാമത്തില്‍ ഏകാന്തവാസം നയിക്കുകയാണാള്‍. എസ്‌പോസിറ്റോ അയാളെ കണ്ടുപിടിക്കുന്നു. ഭാര്യയുടെ മരണശേഷമുള്ള തന്റെ ജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ മൊനലസിനെ ദേഷ്യം പിടിപ്പിക്കുകയാണ്. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല.
നീതിക്ക് വേണ്ടിയുള്ള തന്റെ ശ്രമം ഇന്നും തുടരുകയാണെന്ന എസ്‌പോസിറ്റോ പറഞ്ഞത് മൊറാലസിനെ ശാന്തനാക്കുന്നു. അങ്ങനെ അയാള്‍ ആ സംഭവം വിവരിക്കാന്‍ തുടങ്ങുന്നു. കൊലയാളിയെപ്പറ്റിയുള്ള രഹസ്യം സാന്‍ഡോവാലിനെ കൊലപ്പെടുത്തിയ ശേഷം എസ്‌പോസിറ്റോയെ അന്വേഷിച്ചു നടക്കുകയായിരുന്ന ഗോമസിനെ പിന്തുടര്‍ന്നതും തലയ്ക്കടിച്ച് ഒറ്റപ്പെട്ട പ്രദേശത്ത് കൊണ്ടുവന്നതും കൊലപ്പെടുത്തിയതുമൊക്കെ അയാള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അവിടെ നിന്നും തിരിച്ചു പോകുന്ന എസ്‌പോസിറ്റോയുടെ മനസ്സില്‍ ചില ചോദ്യങ്ങളും ആശങ്കകളും ബാക്കിയാവുകയാണ്. ഇത് ഉദ്യോഗജനകമായ ഒരു അന്ത്യത്തിലേക്ക് ചിത്രത്തെ നയിക്കുന്നു.
ചില ഓര്‍മ്മപ്പെടുത്തലുകള്‍, ചില സന്ദേഹങ്ങള്‍ നമ്മുടെയൊക്കെ ഉള്ളിലെ ചില വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമൊക്കെ കഥാപാത്രങ്ങളുടെ കണ്ണുകളിലെ രഹസ്യം ഒരു ചലച്ചിത്ര കാവ്യമായി സ്‌ക്രീനില്‍ വിരിയുകയാണ്. അനുഭവ സമ്പന്നനായ സംവിധായകന്‍ പയറ്റിത്തെളിഞ്ഞ നായകന്‍, പിന്നെയും ഒരു പിടി മികവുറ്റ താരങ്ങളും അവരുടെ കണ്ണുകളിലെ രഹസ്യം 2009 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നുതന്നെയെന്ന് ഉറപ്പിച്ചു പറയാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ