2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

രാമന് ജന്മ ഭൂമി ..ബാബറിന് മിച്ച ഭൂമി               രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട
ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് സെപ്റ്റംബര്‍ 30 നു അലഹാബാദ്  ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍
അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം
മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും
ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ
സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ
പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ
ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ
ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ
രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും
അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന്
ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍
തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക
പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ
നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം
കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ
വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ
പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും
സാധ്യമാവുകയില്ല.
കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്
തര്‍ക്കപ്രദേശമായ 2.77 ഏക്രയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു.
ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ളിം
സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍
നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ
നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ
സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി
ശ്രമിച്ചതെന്ന് കാണാം. അങ്ങിനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക്
ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ
ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ
അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും
സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ
എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട
താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം
എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍
ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു
എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ
പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ
വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ
പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും
ഭരണഘടനക്കും പിന്നെന്തു പ്രസക്തി
ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും
പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍
ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍
വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന
ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും.
എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം
ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ
വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു
ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം
വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍
ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും
ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു
പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം.
അങ്ങിനെ സംഭവിക്കാതിരിക്കട്ടെ
തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മ്മാണം ഇനി 'നിയമാനുസൃത'മായി
തന്നെ പൂര്‍ത്തിയാക്കാന്‍ സംഘപരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക
ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു
വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന്
പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന
നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി
പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ളിങ്ങളുടെ ചോര പുറകെ
നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍,
തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ്
വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു
ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ
പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും
ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും
പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന
നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ്
വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട്
വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും
പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു.
സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ
പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും
ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട്
അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല
കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും
ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു
കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി
പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്
തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ
എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ
ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ
അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന്
പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന
ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍  ഇതാ ഇവിടെയാണ്
ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ
ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും
വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ്
ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ