2010 നവംബർ 3, ബുധനാഴ്‌ച

 അഴിമതി :എ ഐ സി സി ക്ക് മൌനം 

കഴിഞ്ഞ ദിവസം ദെല്‍ഹിയില്‍ നടന്ന എ ഐ സി സി സമ്മേളനത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ രണ്ടു അഴിമതി കുട്ടറ്ത്തിനെപ്പറ്റിയും ചര്‍ച്ച ചെയ്തില്ല
കമോണ്‍വെല്‍ത്ത് ഗെയിംസില്‍ കോടികളുടെ അഴിമതിയാണ് കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയത്
കാര്‍ഗില്‍പോരാട്ടത്തിന്റെ ദേശാഭിമാനസ്മരണകളെ നമ്മുടെ രാഷ്ട്രീയനേതൃത്വം പിന്നെയും അഴിമതിക്ക് പണയം വെച്ചിരിക്കുന്നു. ദേശസ്‌നേഹം വലിയ വായില്‍ പറഞ്ഞുനടന്നിരുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്ത് കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരില്‍ ശവപ്പെട്ടികള്‍ മറിച്ചുവിറ്റാണ് നാടിനെ നാണം കെടുത്തിയത്. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ജഡം നാട്ടിലെത്തിക്കാനുള്ള അലൂമിനിയം ശവപ്പെട്ടികള്‍ അമേരിക്കയില്‍ നിന്ന് പതിമൂന്നിരട്ടി വിലയ്ക്ക് ഇറക്കുമതി ചെയ്ത് പ്രതിരോധമന്ത്രാലയവും സേനാവൃത്തങ്ങളും അന്ന് വാര്‍ത്ത സൃഷ്ടിച്ചു. പിന്നീട,് യു.പി.എ ഭരണകാലത്ത് കാര്‍ഗില്‍ യുദ്ധത്തിന്റെ പേരില്‍ ആയുധക്കടത്തും മറ്റുമായി 1762 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയ സി.ബി.ഐ മൂന്ന് സൈനിക ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തിരുന്നു. ആരോപണവിധേയനായ അന്നത്തെ  പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പിന്നീട് സി.ബി.ഐയുടെ ക്ലീന്‍ചിറ്റ് നേടി. എന്നാല്‍ 'ശവക്കള്ളന്‍' എന്ന കോണ്‍ഗ്രസ് ആക്ഷേപത്തിന്റെ മാനഹാനിയില്‍ നിന്ന് അദ്ദേഹത്തിന് പൂര്‍ണമുക്തി ലഭിച്ചില്ല. അതേ കോണ്‍ഗ്രസിന്റെ പ്രിയങ്കരനായൊരു മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെയും അവരുടെ വീര കുടുംബങ്ങളെയും അവമതിക്കുകയും നാടിനെ അപഹസിക്കുകയും ചെയ്യുന്ന പുതിയ നാണക്കേടിന് നിമിത്തമായിരിക്കുന്നത്.
കാര്‍ഗില്‍ രക്തസാക്ഷികളായ വീരജവാന്മാരുടെ വിധവകളുടെ പേരില്‍ മുംബൈയില്‍ നിര്‍മിച്ച ആദര്‍ശ് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി ബില്‍ഡിങ്ങിന്റെ ഫ്‌ളാറ്റുകള്‍ സൈനികരുടെ ആശ്രിതരെ ഒഴിവാക്കി വന്‍കിട രാഷ്ട്രീയക്കാര്‍, ഉന്നതസൈനികര്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവര്‍ക്ക് വഴിവിട്ടു അനുവദിച്ചതായാണ് അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ മുംബൈ കൊളാബയില്‍ സൈനികനിയന്ത്രണത്തിലുള്ള ഭൂമി വിട്ടുകിട്ടാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിനെ സമീപിച്ചു. 'കാര്‍ഗില്‍ ഓപറേഷനിലെ വീരനായകര്‍ക്കും മാതൃഭൂമി സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയവര്‍ക്കുമുള്ള സമുചിത ഉപഹാര'മായി ഫ്‌ളാറ്റ് പണിയാനായിരുന്നു സ്ഥലം ആവശ്യപ്പെട്ടത്. പ്രതിരോധ ഉദ്യോഗസ്ഥര്‍ മാത്രമടങ്ങിയ 40 പേരുടെ ലിസ്റ്റാണ് അന്ന് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആദര്‍ശ് ഫ്‌ളാറ്റ് അധീനപ്പെടുത്തിയ 103 പേരില്‍ 37 പേര്‍ മാത്രമാണ് സൈനികര്‍. അതില്‍ കാര്‍ഗിലുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നവര്‍ വെറും മൂന്നുപേര്‍ മാത്രമാണെന്നും കണ്ടെത്തിയിരിക്കുന്നു. സ്ഥലമെടുപ്പ് മുതല്‍ ഫ്‌ളാറ്റുനിര്‍മാണവും അതിന്റെ അലോട്ട്‌മെന്റും വരെയുള്ള കാര്യങ്ങളില്‍ അടിമുടി അഴിമതിയാണ് നടന്നത്.
ഈ 'പാവം' രാഷ്ട്രീയക്കാര്‍ക്കൊപ്പം ഉന്നത ബ്യൂറോക്രാറ്റുകളും സൈനികപ്രമുഖരും ഒത്തുചേര്‍ന്ന് ഫ്‌ളാറ്റ് അടിച്ചെടുത്തപ്പോള്‍, ഭൂമിയും ഫ്‌ളാറ്റും തരപ്പെടുത്താന്‍ കരുവാക്കിയ കാര്‍ഗില്‍വിധവകളും വീരജവാന്മാരുമൊക്കെ പുറത്ത്. മുഖ്യമന്ത്രി ചവാന്റെ കുടുംബക്കാര്‍ തന്നെയാണ് മൂന്ന് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്.
2008ല്‍ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വിലാസ്‌റാവു ദേശ്മുഖിന്റെ തലയുരുണ്ടപ്പോള്‍ കോണ്‍ഗ്രസ് കണ്ടെത്തിയ പകരമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എസ്.ബി. ചവാന്റെ മകന്‍ അമ്പത്തൊന്നുകാരനായ അശോക് ചവാന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെയും മഹാരാഷ്ട്രയുടെ പാര്‍ട്ടി ചുമതലയുള്ള പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെയും വിശ്വസ്തനായാണ് 2009ലെ തെരഞ്ഞെടുപ്പിനുശേഷം അശോക്ചവാന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
ആര്‍ത്തിക്കു മുന്നില്‍ ആദര്‍ശം അടിയറ വെച്ച ആദ്യത്തെയോ അവസാനത്തെയോ ആളല്ല 'ആദര്‍ശ്' വിവാദത്തിലെ വില്ലനായി മാറിയ അശോക് ചവാന്‍. . ശരദ്പവാറും സുരേഷ് കല്‍മാഡിയും ഇടയ്ക്ക് ഞെട്ടറ്റുപോയ പ്രമോദ് മഹാജനുമെല്ലാം ഉയര്‍ന്നുവന്ന മാഫിയ രാഷ്ട്രീയത്തിന്റെ വിളനിലത്തു നിന്നുതന്നെയാണ് അശോക്ചവാന്റെയും വരവ്. തന്നെയുമല്ല, ചവാന്‍ കയറിയാല്‍ പകരക്കാരായി ഇറങ്ങാനുള്ള വിലാസ് റാവു ദേശ്മുഖിന്റെയും സുശീല്‍കുമാര്‍ ഷിന്‍ഡെയുടെയുമൊക്കെ പേരുകള്‍ 'ആദര്‍ശ്' അഴിമതിപ്പട്ടികയില്‍ തന്നെ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്; അഥവാ അഴിമതിച്ചേറില്‍ കുളിക്കാത്തവരായി ഇനികോണ്‍ഗ്രസില്‍   ആരുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ