രണ്ടായിരം രൂപയ്ക്കെന്തൊക്കെ കിട്ടും
ഒരു ഷൂ, ഷര്‍ട്ട്, ജീന്‍സ്, ഒരു സ്പ്രേ, ബേസിക്ക് മെഡിക്കല്‍ ചെക്കപ്പ്, , അഴകൊഴമ്പനാണേല്‍ ഗ്രൂമിങ്ങ്, ബജറ്റ് ഹോട്ടലില്‍ ഒരു മുറി. കൊള്ളാവുന്ന ഒന്നോ രണ്ടോ പുസ്തകം. കാലത്തിനും ദേശത്തിനും വ്യക്തിക്കും അനുസരിച്ച് ലിസ്റ്റ് നീളാം ചുരുങ്ങാം. ലിസ്റ്റില്‍ പുതിയൊന്നു കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. പരലോകം.
ക്വട്ടേഷന്‍ റേറ്റുകളില്‍ വന്‍പിച്ച ആദായവില്‍പ്പനയോ എന്തോ ഇപ്പോ പരലോകപ്രാപ്തി രണ്ടായിരം രൂപയ്ക്കും ലഭ്യമാണെന്നു വാര്‍ത്ത. ലോറി ഡ്രൈവര്‍മാരുടെ രൂപത്തിലാണ് യമദേവന്‍ അവതരിക്കുന്നതെന്നു മാത്രം. സേവനദാതാവിന് രണ്ടായിരം രൂപ പണമായി നല്‍കുക. കൃത്യം ആക്സിഡന്‍റ് രൂപത്തില്‍ കൃത്യമായി നിര്‍വഹിക്കപ്പെടും. വാലിഡ് ലൈസന്‍സുള്ള ഡ്രൈവറുടെ സ്റ്റേക്ക് നില്‍. കേസ് ആക്സിഡന്‍റ്. ഇരയോടുള്ള മാനുഷിക പരിഗണന കൊണ്ടാണോ എന്തോ തലവേദന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഔട്സോഴ്സ് ചെയ്യപ്പെടുന്നു. പരലോകപ്രാപ്തന് ഇന്‍ഷുറന്‍സ് കിട്ടിയിട്ടെന്തു കഥ?മെട്രോ നഗരങ്ങളിലെ ക്വട്ടേഷന്ന്‍ നിരക്കുകളിലെ പുതിയ നിരക്കാണ് രണ്ടായിരത്തിന്‍റെ ലോറി ഓപ്പറേഷന്‍. മറ്റേതു ഉത്പന്നവും സേവനവും പോലെ ക്വട്ടേഷനും വിപണി നിരക്കുകള്‍ക്ക് വിധേയമാണ്. വിപണി നിരക്കുകള്‍ പ്രാദേശിക സ്വഭാവം വെടിഞ്ഞു അന്തര്‍ദ്ദേശീയമായിക്കൊണ്ടിരിക്കുന്ന കാലവും. ഗോമ്പറ്റീഷന്‍ ബിസ്സിനസ്സില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വില കുറയ്ക്കുകയോ വാല്യൂ അഡിഷന്‍ നടത്തുകയോ വേണം. ഇവിടെ വാല്യൂ അഡിഷന് ചാന്‍സില്ലാത്തതു കൊണ്ട് നിരക്കു കുറയുക എന്നത് തന്നെ. വിപണിയുടെ സ്വഭാവം.
പണ്ട് ഒരു മൌസ് നാലായിരം രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ലാഭം ആയിരത്തില്‍ കുറയാതായിരുന്നു. ദാതാക്കളേറിയപ്പോള്‍ വില്‍പ്പനക്കാരേറിയപ്പോള്‍ മൌസ് അമ്പതു രൂപയ്ക്കും വിപണിയിലായി. വില്‍ക്കുന്നവന്‍റെ ലാഭം അഞ്ചു രൂപയും. കമ്പ്യൂട്ടറു വില്‍ക്കുന്നവനും കഷ്ടിച്ച് എഴുനൂറോ ആയിരമോ കിട്ടിയാലായി. പിന്നെ ലാഭം അത് ബണ്ഡില്‍ രൂപത്തിലാണ് വരുന്നത്, വില്‍ക്കുന്നവനും വാങ്ങുന്നവനും. വില്‍ക്കുന്നവന്‍ വാങ്ങുമ്പോള്‍ വോളിയം ഡിസ്കൌണ്ട്. വാങ്ങുന്നവന്‍ ചെല്ലുമ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ സൌജന്യം. ഇത്തരമൊരു വിപണി സ്വഭാവം ക്വട്ടേഷന്‍ നിരക്കുകളിലുമുണ്ടെങ്കില്‍? വിലയിടിവ് കാട്ടുതീ പോലെ നാടെങ്ങും പടരും. അവസാനം വില പിടിച്ചു നിര്‍ത്താന്‍ തറവില പ്രഖ്യാപിക്കേണ്ടി വരുമോ?
ജീവിതം ബോറടിച്ചവര്‍ക്ക് മറ്റൊരൊപ്ഷന്‍ കൂടി എന്ന ലാളിത്യത്തിനപ്പുറം ഇതിനു ഭീകരമായ ഒരു മുഖമുണ്ട്. ശത്രുത എന്ന മാനസിക രോഗം ബാധിച്ചവര്‍ക്ക് ഒരു ആയുധം. അതെ മാനസിക രോഗം തന്നെ. ഏതു വികാരവും പരിധി കടക്കുമ്പോള്‍ അത് വൈകൃതവും പിന്നെ രോഗവുമാകുന്നു. ലളിതത്തില്‍ നിന്നു സങ്കീര്‍ണത്തിലേക്ക് ചലിക്കുന്ന ദുര പെരുകുന്ന ജീവിതങ്ങളിലെ സ്വാഭാവിക പരിണതി. മൃഗീയവാസനകളുടെ കടിഞ്ഞാണില്ലാത്ത തേരോട്ടമാണ് ഏതു കുറ്റകൃത്യത്തിന്‍റെയും അടിസ്ഥാന ഘടകം. മൃഗത്തില്‍ നിന്നു മനുഷ്യനെ വേര്‍തിരിക്കുന്ന എന്തോ ഒന്ന് കാലക്രമേണെ നേര്‍ത്തു വരുന്നുണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ